ടിബ്ലിസി: ആണവ ഇന്ധനമായ യുറേനിയം വാങ്ങാൻ ശ്രമിച്ച രണ്ടു വിദേശികളെ അറസ്റ്റ് ചെയ്തതായി ജോർജിയൻ പോലീസ് അറിയിച്ചു. കുടായ്സി എന്ന നഗരത്തിൽവച്ചാണ് ഇവർ പിടിയിലായത്.
30 ലക്ഷം ഡോളറിനു യൂറേനിയത്തിനു പുറമേ സീസിയം 137 എന്ന റേഡിയോ ആക്ടീവ് ഐസോടോപ്പും വാങ്ങാനായിരുന്നു ഇവരുടെ ശ്രമം.
അതേസമയം, ഈ ആണവപദാർഥങ്ങൾ എവിടെനിന്നാണു ജോർജിയയിൽ എത്തിയതെന്ന് പോലീസ് വ്യക്തമാക്കിയില്ല. പിടിയിലായവർ ഏതു രാജ്യക്കാരാണെന്നും വെളിപ്പെടുത്തിയില്ല. കൂടുതൽ വിദേശികൾ ജോർജിയയിൽ എത്തിയിരിക്കാമെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു.
യൂറേനിയം സന്പുഷ്ടീകരിച്ച് സമാധാന ആവശ്യങ്ങൾക്കും ബോംബ് നിർമാണത്തിനും ഉപയോഗിക്കാം. അണ്വായുധ പരീക്ഷണമോ ആണവദുരന്തമോ നടന്ന സ്ഥലങ്ങളിലാണ് സീസിയം 137 കാണാറുള്ളത്.